കൊട്ടിയൂർ : ദർശനത്തിനെത്തുന്ന ഭക്തർക്കും ക്ഷേത്രത്തിനും വഴിയാത്രക്കാർക്കും ഭീഷണിയായിരുന്ന മൂന്ന് പാഴ്മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തുള്ള ആയില്യാർ കാവിൽ നിന്ന് ആചാര വിരുദ്ധമായി മരങ്ങൾ മുറിച്ചതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുലിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്‌തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടികൾക്കായി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഭിഭാഷക കമ്മിഷനെയും നിയോഗിച്ചു. ഓഗസ്‌റ്റ് ആറിനാണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ കാവിൽ നിന്ന് മൂന്ന് മരങ്ങൾ മുറിച്ചു മാറ്റിയത്. കഴിഞ്ഞ വൈശാഖ ഉത്സവ കാലത്ത്, ഭക്തജനത്തിരക്കുള്ള ദിവസം ഒരു മരത്തിൻ്റെ ചില്ല പൊട്ടി വീണിരുന്നു. ഈ വർഷം ജനുവരിയിലും മരച്ചില്ല പൊട്ടിവീണിരുന്നു. മുൻവർഷങ്ങളിൽ മരം വീണും മരച്ചില്ലകൾ പൊട്ടി വീണ്ടും കെട്ടിടങ്ങൾ തകർന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല റോഡുകൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കും സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നും പൊതു സ്ഥലത്തോട് ചേർന്ന് അതിരിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും എല്ലാ വർഷം എല്ലാ പഞ്ചായത്തുകളും നിർദ്ദേശം നൽകാറുള്ളതുമാണ്. ദേവസ്വം ഭൂമിയുടെ അതിരിലുള്ളവരും പലപ്പോഴും ഇതേ ആവശ്യം ഉന്നയിക്കാറുള്ളതുമാണ്. ഉത്സവകാലത്ത്
അടക്കം രണ്ട് തവണ അപകടകരമായ വിധം പൊട്ടി വീണ മരങ്ങളാണ് വെട്ടി നീക്കിയത്. വഴിയോരത്തും ക്ഷേത്രത്തിന് സമീപവും അപകടകരമായി നിന്നിരുന്ന മരങ്ങളാണ് വെട്ടി നീക്കിയത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് പല വികസന യോഗങ്ങളിലും നിർദ്ദേശം ഉയരാറുള്ളതും വിമർശിക്കാറുള്ളതും കൂടിയാണ്. മാത്രമല്ല, വേനൽക്കാലങ്ങളിൽ പായത്തേനീച്ചകൾ ഈ മരങ്ങളിൽ നൂറുകണക്കിന് കൂടുണ്ടാക്കുന്നത് ഭക്തജനങ്ങൾക്ക് ഭീഷണിയാകാറുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ഓഗസ്റ്റ് ആറിന് മരങ്ങൾ മുറിച്ചത്. ഒന്നര മാസത്തിന് ശേഷമാണ് മരം മുറിക്കൽ വിവാദമായത്. ആചാര വിരുദ്ധമായാണ് മരങ്ങൾ വെട്ടിയതെന്ന് രണ്ടാഴ്‌ച മുൻപ് ജന്മശാന്തി അടക്കമുള്ളവർ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് വിവിധ ഭക്തജന സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. വർഷത്തിൽ രണ്ട് തവണ മാത്രം, പൂജകൾക്കായി പ്രവേശിക്കാൻ അനുമതിയുള്ള ആയില്യാർ കാവിൽ അനുമതി വാങ്ങിക്കാതെയും ആചാരം ലംഘിച്ചും പ്രവേശിച്ച് മരം വെട്ടി എന്നാണ് തന്ത്രിമാരുടെ ആരോപണം. എല്ലാ വർഷവും വൈശാഖ ഉത്സവത്തിൻ്റെ ഭാഗമായ
പ്രക്കൂഴത്തിനും നീരെഴുന്നള്ളത്തിനും മാത്രമാണ് കാവിൽ മനുഷ്യർ പ്രവേശിക്കാറുള്ളതെന്നും ആ രണ്ട് ദിവസങ്ങളിലൊഴികെ വർഷത്തിലെ ബാക്കി ദിവസങ്ങളിൽ മനുഷ്യർ അവിടേക്ക് പ്രവേശിക്കാറില്ലെന്നുമാണ് തന്ത്രിമാർ പറയുന്നത്. മറ്റ്
ഈ ആരോപണത്തെ ഏറ്റുപിടിച്ച് പല ഭക്തജന സംഘടനകളും ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് മുമ്പിലും ദേവസ്വം ഓഫിസിന് മുന്നിലും നാമജപ പ്രാർത്ഥനായജ്ഞവും സമരങ്ങളും നടത്തി വരികയായിരുന്നു.
ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കൊട്ടിയൂരിൽ ചേർന്ന ദേവസ്വം ട്രസ്‌റ്റി ബോർഡ് തീരുമാന പ്രകാരം എക്സിക്യൂട്ടീവ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌യാൻ തീരുമാനമെടുത്തത്. ഭക്തജനങ്ങൾക്ക് മനോവിഷമം ഉണ്ടായതിൽ ഖേദിക്കുന്നതായും പരിഹാര കർമങ്ങൾ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ട്രസ്‌റ്റി ബോർഡ് യോഗത്തിന് ശേഷം ചെയർമാൻ ടി നാരായണൻ നായർ അറിയിച്ചു.
ശനിയാഴ്ചയും സമരങ്ങൾ നടന്നിരുന്നു. ആയില്യാർ കാവിൽ ആചാരലംഘനം നടത്തിയെന്നാരോപിച്ച്കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. നാമജപ ഘോഷയാത്രയും നടത്തി. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സാഹിത്യകാരൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു. പെരുമാൾ നെയ്യമൃത് ഭക്തജന സംഘം ജനറൽ സെക്രട്ടറി എം.ആർ. രജീഷ് അധ്യക്ഷത വഹിച്ചു. പി.എസ്.മോഹനൻ, ഭക്‌തസംഘം സെക്രട്ടറി പി.വി.രാമചന്ദ്രൻ, വില്ലിപ്പാലൻ മാധവ കുറുപ്പ്. സംഗീത് മഠത്തിൽ, പി.പി. മാധവൻ നമ്പ്യാർ പ്രസംഗിച്ചു കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാത്ത പക്ഷം വിപുലമായ സമരങ്ങൾ നടത്തുമെന്നും യോഗം പ്രഖ്യാപിച്ചു.
ആചാര ലംഘനങ്ങൾക്കും പ്രാദേശിക ഭക്‌തജന സമൂഹത്തോടുള്ള അവഗണനയ്ക്കും എതിരെ കൊട്ടിയൂർ പെരുമാൾ ഭക്തജന സമിതി പ്രാർഥനാ യജ്‌ഞം നടത്തി. കൊട്ടിയൂർ ക്ഷേത്ര ഭരണസമിതിയിൽ പ്രാദേശിക പ്രാതിനിധ്യം വേണമെന്നും സമിതി ആവശ്യപ്പെട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഓമന ഭരതൻ അധ്യക്ഷത വഹിച്ചു. പി.എസ്.മോഹനൻ, നിർമല അനിരുദ്ധൻ, ടി.എസ്.സുനിൽകുമാർ, സുജാത സുഭാഷ് പ്രസംഗിച്ചു.
The Kottiyoor Devaswom Executive Officer was finally suspended following allegations and protests that he had cut down a dangerous tree in violation of tradition.























